01:53am 09 November 2026
NEWS
ഓണം ഇക്കുറി വെള്ളത്തിലാകുമോ? ഞായറാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
21/08/2026  08:52 PM IST
nila
ഓണം ഇക്കുറി വെള്ളത്തിലാകുമോ? ഞായറാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ മഴ കൂടുതൽ ശക്തമാകാനും വിവിധ മേഖലകളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഞായറാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച മുന്നറിയിപ്പ്.

തിങ്കളാഴ്ച മഴ മധ്യകേരളത്തിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അന്ന് യെല്ലോ അലേർട്ടാണ്. ഓഗസ്റ്റ് 25 ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുകയാണ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും മറ്റൊരു ചക്രവാതച്ചുഴിയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനഫലമായി ഓഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത. 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

യെല്ലോ അലേർട്ട്

ഓഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
ഓഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം


മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 21ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ഓഗസ്റ്റ് 23 മുതൽ 25 വരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

ഈ ദിവസങ്ങളിൽ കേരളം, ലക്ഷദ്വീപ്, കന്യാകുമാരി പ്രദേശങ്ങളോട് ചേർന്ന കടൽമേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

അതേസമയം, ഓഗസ്റ്റ് 21 മുതൽ 25 വരെ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്.

ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ പരിപാടികൾ നടക്കാനിരിക്കെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊതുജനങ്ങളും സംഘാടകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img